സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല,റാപ്പർ വേടൻ

വനംവകുപ്പ് നടപടി ഗൗരവപൂർവം പരിശോധിക്കണം. ഒരു ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും വേടന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കൊച്ചി | പൊലീസ്- വനം വകുപ്പുകളുടെ നടപടിയെ വിമർശിച്ച് റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല. നമ്മുടേത് വിവേചനമുള്ള സമൂഹമാണ്. എല്ലാവരും ഇവിടെ ഒരുപോലെയല്ലെന്നും തൻ്റെ അറസ്റ്റ് കൊണ്ട് ഇക്കാര്യം ബോധ്യപ്പെട്ടെന്നും വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ മറുപടി.”ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണ്. സർക്കാ‍ർ വിൽക്കുന്ന മദ്യമാണ് ഞാൻ വാങ്ങി കുടിക്കുന്നത്. ഞാൻ അതുകൊണ്ട് ഒരു മോശം മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല,” വേടൻ പറഞ്ഞു. തന്റെ ഇത്തരം ശീലങ്ങൾ ആരാധകർ ഏറ്റെടുക്കരുതെന്നും വേടൻ അറിയിച്ചു.

പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.എന്നാൽ, കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.

അതേസമയം, വേടന്റെ അറസ്റ്റിൽ വനംവകുപ്പിനെ സിപിഐഎം രൂക്ഷമായി വിമർശിച്ചു. വനംവകുപ്പ് നടപടി ഗൗരവപൂർവം പരിശോധിക്കണം. ഒരു ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും വേടന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.റാപ്പർ വേടനെതിരായി നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി. വേടന്റെ കഴുത്തിലുള്ളത് പുലിപ്പല്ലല്ലേ, ആറ്റംബോംബ് ഒന്നുമല്ലല്ലോ എന്നായിരുന്നു വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് ജോൺബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചത്. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും കേസ് ആ വഴിക്ക് നീങ്ങുമെന്നുമുള്ള വനംവകുപ്പിന്റെ നിലപാടിനെയും ജോൺ ബ്രിട്ടാസ് അതിരൂക്ഷമായി വിമർശിച്ചു. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇതെന്നും വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You might also like

-