കെ സുധാകരന്റെ കെ പി സി സി പ്രസിഡണ്ട് പദവി തെരെഞ്ഞെടുപ്പ് ഫലം വന്നശേഷം തിരിച്ചുനല്കും
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിയുന്നത് വരെ എംഎം ഹസ്സൻ ഈ സ്ഥാനത്ത് തുടരാൻ സാധ്യത തെളിഞ്ഞു. അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ പറയുന്നത്
തിരുവനന്തപുരം| ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നൽകുന്നതിൽ തീരുമാനം പിന്നീട്. ഇതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സൻ തുടരും. എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം മാത്രം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിര്‍ദ്ദേശിച്ചത്.
ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിയുന്നത് വരെ എംഎം ഹസ്സൻ ഈ സ്ഥാനത്ത് തുടരാൻ സാധ്യത തെളിഞ്ഞു. അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ പറയുന്നത്. കെപിസിസി പ്രസിഡന്റ് പദവി കൈമാറ്റത്തിന് പുറമെ, പുതുതായി ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുത്ത ജയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് നൽകാൻ നിശ്ചയിച്ചിരുന്ന സ്വീകരണവും കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം മാറ്റിവച്ചു.