സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ഗൂലോചനയുണ്ട് സരിതാ നായർ
ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. പിസി ജോർജാണ് തന്നെ വിളിച്ചത്. ജോർജിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട്
തിരുവനന്തപുരം | മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സരിതാ നായർ. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. പിസി ജോർജാണ് തന്നെ വിളിച്ചത്. ജോർജിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട്.സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത പ്രതികരിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് സരിത രഹസ്യമൊഴി നൽകിയത്. ഗൂഢാലോചനയ്ക്ക് അപ്പുറം മറ്റ് കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളും രഹസ്യ മൊഴിയായി നൽകിയിട്ടുണ്ടെന്ന് സരിത എസ് നായർ പറഞ്ഞു.അതേസമയം, രണ്ടാം ദിവസവും സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ സ്വപ്നയ്ക്ക് ദേഹാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ഇടനിലക്കാരായ ഷാജ് കിരൺ, ഇബ്രാഹിം എന്നിവരേയും കേസിൽ ചോദ്യം ചെയ്തിരുന്നു. മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലാണ് നടപടി. സ്വപ്ന സുരേഷും പിസി ജോർജും ആണ് കേസിലെ മറ്റ് പ്രതികൾ.