വിധികൾ പുനഃപരിശോധിയ്ക്കാനും തിരുത്താനും വഴികളുണ്ട്:ജസ്റ്റിസ് കുര്യൻ ജോസഫ്

മതപരമായ വിഷയങ്ങളിൽ ഭരണഘടന തന്നെ ലക്ഷ്മണ രേഖ നിശ്ചയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

0

ഡൽഹി :ശബരിമലയിലെ സ്ത്രീപ്രവേശനവിധി പുനഃപരിശോധിയ്ക്കാൻ വഴികളുണ്ടെന്ന് പരോക്ഷമായി സൂചന നൽകി വിരമിച്ച സുപ്രീംകോടതി ന്യായാധിപൻ ജസ്റ്റിസ് കുര്യൻ ജോസഫ്. ചില കേസുകളിൽ വിധി പറയുമ്പോൾ സാമൂഹ്യധാർമികത മാത്രം നോക്കരുത്. ഭരണഘടനാധാർമികതയ്ക്ക് വില കൽപിയ്ക്കാത്തതാണ് ചില നിയമസംഹിതകളെന്ന് കോടതികൾ എപ്പോഴും കരുതരുത്. ചില സമ്പ്രദായങ്ങൾ മാറ്റുമ്പോൾ അത് സമൂഹത്തെ മൊത്തത്തിൽ എങ്ങനെ മാറ്റുമെന്ന് കോടതികൾ പരിഗണിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ഒരു പൊതു പരിപാടിയിൽ വ്യക്തമാക്കി. മതവും ഭരണഘടനയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഇവയാണ്. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഏതൊരു പൗരനും ഏതു മതവും തെരെഞ്ഞെടുക്കാം, വിശ്വസിക്കാം, അതിനനുസരിച്ച് ജീവിക്കാം, പ്രചരിപ്പിക്കാം. പക്ഷേ മതസ്വാതന്ത്ര്യത്തിനും ഭരണഘടന ചില ചെറിയ നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 25 ആം അനുച്ഛേദത്തില്‍ ഉണ്ട്. അത് ലംഘിക്കാത്തിടത്തോളം കാലം ഒരു കോടതിയും ഒരു മതവിശ്വാസത്തിലേക്കും ആചാരത്തിലേക്കും കൈകടത്താന്‍ പാടില്ല.

മതപരമായ വിഷയങ്ങളിൽ ഭരണഘടന തന്നെ ലക്ഷ്മണ രേഖ നിശ്ചയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. മുത്തലാഖ് വിധിയിൽ ഈ ലക്ഷ്മണ രേഖ ലംഘിച്ചില്ല. അതിനാൽ ആരും ആ വിധിയെ എതിർത്തില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനുള്ള ഇരുപത്തഞ്ചാം അനുച്ഛേദത്തിന് ഇന്ത്യയെ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. ഈ അനുച്ഛേദം ലംഘിക്കാൻ പാടില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. ഒരു വിധി അന്തിമമായാൽ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും, അത് എപ്പോഴും ഓർക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ചില വിധികൾ പുനഃപരിശോധിയ്ക്കാനും തിരുത്താനും വഴികളുണ്ട്. ഏത് വിധിയും നടപ്പാക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ സമൂഹത്തിൽ പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതേയുള്ളൂ. വിധികൾ മാറ്റാനും തിരുത്താനും വഴികളുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി

You might also like

-