തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
തൃശൂർ: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു മണിക്കൂറിനകം റിപ്പോർട്ട് കലക്ടർക്ക് കൈമാറും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്നായിരുന്നു തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്.
പരിശോധനയില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്താനാണ് സാധ്യത. ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു .
പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയാലും മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും എന്നും കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.