തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും
ജില്ല നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക
തൃശൂർ: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത ഇന്ന് പരിശോധിക്കും. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ആനയ്ക്ക് നേരത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉളളതിനാല്‍ പുതിയ പരിശോധന വെറും സാങ്കേതികത്വം മാത്രമാകും.തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പ്രതിഷേധിച്ചിരുന്ന ആന ഉടമകള്‍ അയഞ്ഞു. കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കും. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് അവസാനമായി. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.എഴുന്നള്ളിപ്പിനിടയിലും മറ്റുമായി ഏഴോളം പേരെ കൊന്നിട്ടുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ