കർഷക സമരവേദിക്ക് സമീപം പൊലീസ് ബാരിക്കേഡിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കി
കൊലപാതകത്തിന് പിന്നിൽ നിഹാങ്കുകളാണെന്ന ആരോപണമുയർന്നു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഡൽഹി : കർഷക സമരവേദിയായ സിംഗുവിൽ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. പൊലീസ് ബാരിക്കേഡിൽ കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം. ഇടത് കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. പഞ്ചാബുകാരന്‍ ലഖ്ബീര്‍ സിങ്ങാണ് മരിച്ചത്. 35 വയസായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 5 മണിക്കാണ് കർഷക സമര വേദിയായ സിംഗുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുണ്ട്‌ലി പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ നിഹാങ്കുകളാണെന്ന ആരോപണമുയർന്നു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് അവഹേളിച്ചതിനെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപോർട്ടുകൾ. അജ്ഞതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎസ്പി ഹൻസ് രാജ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.