വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ,കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനമിറക്കി
നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം
ഡൽഹി |പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയിരുന്നു. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.
നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കാട്ടി കെ.എൻ.എം മർകസസുദ്ദഅവ ( മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ മുനമ്പത്തെ സ്ഥലം വഖഫ് ആക്കിയ വഖഫ് ബോർഡിൻ്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് മാനേജ്മൻ്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ വാദം തുടങ്ങി. 1950ൽ സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നൽകിയ സമ്മത പത്രവും അതിലെ വ്യവസ്ഥകളുമാണ് ട്രൈബൂണൽ പരിശോധിച്ചത്. ഭൂമി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉള്ളതിനാൽ ഇത് വഖഫ് അല്ല, ദാനം നൽകിയതാണെന്നായിരുന്നു ഫാറൂഖ് കോളേജിന്റെ വാദം. ആധാര വ്യവസ്ഥകൾ വഖഫ് ആണെന്നും, കോളേജ് ഇല്ലാതായെങ്കിൽ മാത്രമാണ് തിരിച്ചെടുക്കുക എന്ന വാദം നില നിൽക്കൂവെന്നും ബോർഡ് വാദിച്ചു. കേസിൽ മുനമ്പം നിവാസികൾ എതിർ സത്യവാങ്മൂലം ഇന്ന് സമർപ്പിച്ചു. ഫാറൂഖ് കോളജ് മത – ജീവകാരുണ്യ സ്ഥാപനമല്ലെന്നും അതിനാൽ ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ല എന്നുമാണ് മുനമ്പം നിവാസികളുടെ വാദം. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ കോടതിയുടെ മുൻ വിധികൾ നാളെ ട്രിബൂണൽ പരിശോധിക്കും. വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.