പാമ്പിനെ കൊലക്ക് ആയുധമാക്കിയ ഉത്ര വധക്കേസിലെ വിധി ഇന്ന്

രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്ര കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ രണ്ട് കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എല്ലാ തെളിവുകളും സൂരജിന് എതിരായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും തമ്മിലുളള ഏകോപനം ഉത്രകേസിനെ ബലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ..

0

കൊല്ലം: കൊല്ലം : സംസ്ഥാനം ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ രാജ്യത്ത് ശിക്ഷിക്കപ്പെടാൻ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്.സ്വർണാഭരണങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്ര വധക്കേസിനെപ്പറ്റി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിയ്‌ക്ക് വധശിക്ഷ നൽകണമെന്നും വാദിച്ചു. തുടർന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

നൂറു പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുളള കാറുമെല്ലാം സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്‍റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്‍കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഉത്രയുടെ അമ്മയുടെ നാലു പവന്‍ വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. മകളുടെ നല്ല ഭാവിയെ കരുതി അനിഷ്ടങ്ങളൊന്നുമില്ലാതെ ഉത്രയുടെ കുടുബം പണം നല്‍കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും സൂരജിന്‍റെ പണത്തോടുളള ആര്‍ത്തി അടങ്ങിയിരുന്നില്ല. ഉത്രയെ ഇല്ലാതാക്കി ഉത്രയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ സൂരജ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

ഉത്രയുടെ കുടുംബം നല്‍കിയ സ്വര്‍ണത്തിന്‍റെ ഏറിയ പങ്കും സൂരജ് ധൂര്‍ത്തടിച്ചു കളഞ്ഞു. ഉത്രയുടെയും സൂരജിന്‍റെയും പേരില്‍ സംയുക്തമായാണ് ബാങ്ക് ലോക്കര്‍ തുറന്നതെങ്കിലും ഇതിന്‍റെ താക്കോല്‍ സൂരജിന്‍റെ പക്കലായിരുന്നു. അതുകൊണ്ട് തന്നെ ബാങ്കില്‍ നിന്ന് സ്വര്‍ണം സൂരജ് എടുത്ത് വിറ്റിരുന്നതും പണയം വച്ചിരുന്നതുമൊന്നും ആരും അറിഞ്ഞില്ല. ഈ സ്വര്‍ണത്തില്‍ കേവലം 38 പവന്‍ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. അതും സൂരജിന്‍റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഉത്രയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയ കാര്‍ മാത്രമാണ് വീട്ടുകാര്‍ക്ക് കോടതിയില്‍ നിന്ന് വീണ്ടെടുക്കാനായത്. ബാക്കി ആഭരണങ്ങളെല്ലാം കേസിലെ പ്രധാന തൊണ്ടിമുതലുകള്‍ എന്ന നിലയില്‍ കോടതിയില്‍ തുടരുകയാണ്.
2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്ര കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ രണ്ട് കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എല്ലാ തെളിവുകളും സൂരജിന് എതിരായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും തമ്മിലുളള ഏകോപനം ഉത്രകേസിനെ ബലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ..

You might also like

-