പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ
50 ലക്ഷം രൂപ വരെ പിഴ അടക്കണമെന്നാവശ്യപ്പെട്ട് 130 പേർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചിരിക്കുകയാണ്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. 50 ലക്ഷം രൂപ വരെ പിഴ അടക്കണമെന്നാവശ്യപ്പെട്ട് 130 പേർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചിരിക്കുകയാണ്. പിഴ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത റാംപുർ, സമ്പാൽ, ബിജ്നോർ, ഗൊരഖ്പുർ എന്നിവിടങ്ങളിലുള്ളവർക്കാണ് നോട്ടിസ്.
റാംപുരിൽ 28 പേർക്കും, സമ്പാലിൽ 26 പേർക്കും, ബിജ്നോറിൽ 43 പേർക്കും, ഗൊരഖ്പുരിൽ 33 പേർക്കുമാണ് ജില്ലാഭരണകൂടം നോട്ടിസ് അയച്ചത്. പൊതുമുതൽ നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. പ്രതിഷേധ സമരത്തിനിടെ റാംപുരിൽ 14.8 ലക്ഷം രൂപയുടെയും സമ്പാലില്‍ 15 ലക്ഷം രൂപയുടെയും ബിജ്നോറിൽ 19.7 ലക്ഷം രൂപയുടെയും നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കു കൂട്ടൽ.
പൊലീസ് വാഹനങ്ങൾ, ബാരിയറുകൾ, വയർലെസ് സിസ്റ്റം, ലൗഡ്സ്പീക്കർ, 10 ലാത്തികൾ, 3 ഹെൽമെറ്റ്, 2 സുരക്ഷാ ജാക്കറ്റുകൾ എന്നിവ അക്രമികൾ നശിപ്പിച്ചതായി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് റാംപുർ ജില്ലാ മജിസ്ട്രേറ്റ് അനുജനേയ കുമാർ സിങ് പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാനാവുന്നുണ്ട്. അക്രമം നടത്തിയവർക്കു മാത്രമാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഇവർ മറുപടി നൽകണമ്മെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ നിരപരാധികൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കാത്തവർക്കും നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നാണ് വിഅവരം. അതിൽ പലരും മിത വരുമാനത്തിൽ ജീവിക്കുന്നവരാണ്. ഈ പിഴത്തുക അവർക്ക് താങ്ങാൻ കഴിയാത്തതുമാണ്.