വീണ്ടും പേടകം !കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകർത്തു.
യു.എസ്.-കാനഡ സംയുക്തദൗത്യത്തിന്റെ ഭാഗമായാണ് യു.എസ്. യുദ്ധവിമാനമായ എഫ്-22വിൽനിന്ന് തൊടുത്ത എ.ഐ.എം. 9 എക്സ് മിസൈൽ ശനിയാഴ്ച പേടകത്തെ വെടിവെച്ചിട്ടത്. ചെറിയ സിലിണ്ടർ ആകൃതിയുള്ള പേടകം കാനഡ-യു.എസ്. അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പതിച്ചത്.
വാഷിങ്ടൺ | കഴിഞ്ഞദിവസം അലാസ്കൻ ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവെച്ചിട്ടതിനു പിന്നാലെ കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകർത്തു. യു.എസ്.-കാനഡ സംയുക്തദൗത്യത്തിന്റെ ഭാഗമായാണ് യു.എസ്. യുദ്ധവിമാനമായ എഫ്-22വിൽനിന്ന് തൊടുത്ത എ.ഐ.എം. 9 എക്സ് മിസൈൽ ശനിയാഴ്ച പേടകത്തെ വെടിവെച്ചിട്ടത്. ചെറിയ സിലിണ്ടർ ആകൃതിയുള്ള പേടകം കാനഡ-യു.എസ്. അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പതിച്ചത്.
അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരൂഹതയുണർത്തി ആകാശവസ്തുക്കൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പേടകത്തെ വെടിവെച്ചിടാൻ താൻ ഉത്തരവിട്ടതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. പേടകത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും ട്രൂഡോ പറഞ്ഞു. ജനുവരി 30-ന് കാനഡയുടെ വ്യോമമേഖലയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂൺ ഫെബ്രുവരി നാലിന് യു.എസ്. വെടിവെച്ചിട്ടിരുന്നു. തുടർന്ന് കഴിഞ്ഞദിവസം അലാസ്കൻ ആകാശത്ത് കണ്ട അജ്ഞാതവസ്തുവിനെയും വെടിവെച്ചിട്ടു.
അതിനുശേഷമാണ് കാനഡയുടെ വ്യോമമേഖലയിൽ അജ്ഞാതവസ്തുവിനെ കണ്ടത്. അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചുകൊണ്ട് 40,000 അടി ഉയരത്തിൽ പറന്ന പേടകം കാനഡയുടെ വ്യോമപാതയിൽ സുരക്ഷാഭീഷണിയുണ്ടാക്കിയെന്ന് കനേഡിയൻ പ്രതിരോധമന്ത്രി അനിതാ ആനന്ദ് വ്യക്തമാക്കി. ചാരബലൂൺ വിഷയത്തിൽ ചൈനയും യു.എസും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അജ്ഞാതവസ്തുക്കൾ അമേരിക്കൻ ആകാശത്ത് വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കുന്നത്.