ഇറാനെതിരെ ഉടൻ യുദ്ധം വേണ്ടന്ന് അമേരിക്ക സെെന്യത്തെ അയക്കുന്നത് എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക്

സങ്കീർണമായാൽ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാൽ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോർട്ട്.

0

ദുബായ് :സംഘർഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയിൽ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്.യുദ്ധം പ്രഖ്യാപിക്കാൻ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡൻറ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയും തൽക്കാലം സ്ഥിതിഗതികൾ നേരിടാനാണ് തീരുമാനം.

സങ്കീർണമായാൽ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാൽ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോർട്ട്. സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കൻ നടപടിയെയും ഇറാൻ സൈനിക നേതൃത്വം രൂക്ഷമായി വിമർശിച്ചു.എന്നാൽ സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും ഏതൊരു വെല്ലുവിളിയെയും നേരിടാൻ പര്യാപ്തമാണെന്ന് പെൻറഗൺ വിലയിരുത്തുന്നു.

കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൗദി ഉൾപ്പെടെയുള്ള ഗൾഫിലെ സഖ്യരാജ്യങ്ങൾക്ക് അമേരിക്ക കൈമാറും എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അനൗപചാരിക ചർച്ചകൾ തുടരുകയാണ്.അതേ സമയം ഫ്രാൻസിൻെറയും മറ്റും നേതൃത്വത്തിൽ ഇറാനും അമേരിക്കക്കും ഇടയിൽ സമവായ സാധ്യതയും ആരായുന്നുണ്ട്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡൻറും വിദേശകാര്യ മന്ത്രിയും എത്തുന്നുണ്ട്.ഇരുനേതാക്കളും അമേരിക്കൻ നേതൃത്വവും തമ്മിൽ ചർച്ചയുടെ സാധ്യത ഉരുത്തിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൾഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് പിന്തുണക്കുന്നത്.

You might also like

-