അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കയും ബ്രിട്ടനുംസൈന്യത്തെ അയച്ചു

മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്.

0

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്‌ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും ഇരു രാജ്യങ്ങളിലേയും പൗരന്മാരേയും സുരക്ഷിതമായി തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടാണ് സൈന്യത്തെ അയച്ചത്.

അഫ്ഗാനിസ്ഥാൻ സർക്കാരിന് ഭീഷണിയാകുന്ന രീതിയിൽ കാബൂളിലേക്ക് താലിബാൻ മുന്നേറിയതിനെ തുടർന്നാണ് സൈന്യത്തെ അയയ്‌ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.എന്നാൽ അഫ്ഗാനിൽ നിന്ന് സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിച്ച അമേരിക്കയ്‌ക്ക് പുതുതായി വീണ്ടും സൈന്യത്തെ അയയ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി.
താലിബാനെതിരെ അഫ്ഗാൻ സർക്കാരിന്റെ യുദ്ധത്തിൽ പങ്കു ചേരാനല്ല പുതിയ സൈന്യത്തെ അയയ്‌ക്കുന്നതെന്ന് പെന്റഗൺ ഔദ്യോഗിക വക്താവ് ജോൺ കിർബി വ്യക്തമാക്കി. അഫ്ഗാനിലേക്ക് അയച്ച സൈനികരെ കൂടാതെ നാലായിരത്തോളം സൈനികരെ കുവൈറ്റിലെത്തിക്കാനും തീരുമാനമുണ്ട്. എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാൽ അഫ്ഗാനിലേക്ക് അയയ്‌ക്കാൻ വേണ്ടിയാണ് കരുതലായി ഇവരെ കുവൈറ്റിലെത്തിക്കുന്നത്.രണ്ട് ബറ്റാലിയൻ അമേരിക്കൻ മറീനുകളും കരസേനയുടെ ഒരു ബറ്റാലിയനുമാണ് നിലവിൽ അഫ്ഗാനിലേക്ക് എത്തുന്നത്.

കാബൂൾ വിമാനത്താവളത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതമായി അമേരിക്കൻ – ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുമാണ് ഇരു രാജ്യങ്ങളും സൈനികരെ അയക്കുന്നത്. എന്നാൽ തങ്ങളുടെ പൗരന്മാരെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കാണ്ഡഹാർ ഉൾപ്പെടെ നിരവധി പ്രവിശ്യകളിൽ താലിബാൻ പിടിമുറുക്കിക്കഴിഞ്ഞു. 34 പ്രവിശ്യകളിൽ 12 ഉം താലിബാൻ നിയന്ത്രണത്തിലാണ്. ഇങ്ങനെ പോയാൽ 90 ദിവസങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സംവിധാനം തകരുമെന്നും കാബൂൾ താലിബാന്റെ പിടിയിലാകുമെന്നുമാണ് കരുതപ്പെടുന്നത്.

You might also like

-