മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.
രാജു നാരാണയസ്വാമിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്ന ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരും രാജു നാരായണസ്വാമിയെ കൈവിടുന്നത്.
ദില്ലി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കേ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തിന് സ്വാഭാവദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജു നാരാണയസ്വാമിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്ന ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരും രാജു നാരായണസ്വാമിയെ കൈവിടുന്നത്. ഇതോടെ സ്വാമിയുടെ ജോലിയടക്കം തുലാസിലായ അവസ്ഥയിലാണ്.
നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തോട് ഒരു രീതിയിലും രാജു നാരായണസ്വാമി നീതി പുലര്‍ത്തിയില്ലെന്ന് ആന്‍റോ ആന്‍റണിയുടെ വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കൃഷിമന്ത്രി പറഞ്ഞു. നാളികേര വികസന ബോര്‍ഡില്‍ പലതരം ക്രമക്കേടുകള്‍ രാജു നാരായണസ്വാമി നടത്തിയതായി സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കൃത്യവിലോപം നടത്തിയത് കൂടാതെ പെരുമാറ്റദൂഷ്യം അടക്കമുള്ള പരാതികളും രാജു നാരായണസ്വാമിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചതോടെ നാളികേര ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജു നാരായണസ്വാമിയെ മാറ്റി കേരള കേഡറിലേക്ക് തിരിച്ചയക്കേണ്ടി വന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജു നാരായണസ്വാമിക്കെതിരെ നടപടികള്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദവിവരങ്ങള്‍ തേടി നേരത്തെ മുഖ്യമന്ത്രിക്ക് മടക്കിയിരുന്നു. നാളികേര വികസനബോര്‍ഡിലെ അഴിമതി താന്‍ പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്ന് നേരത്തെ രാജു നാരായണസ്വാമി നേരത്തെ ആരോപിച്ചിരുന്നു. നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ചോദ്യം ചെയ്ത് രാജു നാരായണസ്വാമി നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.