മലയാളീ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് വിചാരണ കോടതി

കേസിൽ ശിക്ഷാ വിധി ഈ മാസം 26 ന് പ്രഖ്യാപിക്കും. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ് കുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്

0

ഡൽഹി| മലയാളീ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് വിചാരണ കോടതി. കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്നും കോടതി കണ്ടെത്തി. കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്നും പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചുവെന്നും കോടതി പറഞ്ഞു. കേസിൽ ശിക്ഷാ വിധി ഈ മാസം 26 ന് പ്രഖ്യാപിക്കും. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ് കുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.ഡൽഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. ശിക്ഷ പിന്നീട് വിധിക്കും

2008 സെപ്റ്റംബര്‍ 30-നാണ് ഡൽഹിയിൽ വച്ച് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാ‍ർ അപകടത്തിൽ മരിച്ചെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ പരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.ഒരു വ‍ർഷത്തിന് ശേഷം 2009 മാ‍ർച്ചിൽ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് 2008 ൽ സൌമ്യയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. കവര്‍ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി എന്നീ പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെ പേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

You might also like

-