വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി,ആറളം ഫാമിൽ കാട്ടാന ആക്രമണം
ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി ആർ പി സിനേഷിൻ്റെ ബൈക്ക് തകർത്തു.
കൽപ്പറ്റ | വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്.
അതേസമയം ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി ആർ പി സിനേഷിൻ്റെ ബൈക്ക് തകർത്തു.ഇന്നുരാവിയിലെയാണ് സംഭവം ഉണ്ടായത്. ആറളം ഫാമിൽ റോഡിൽ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. സിനേഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് നാട്ടുകാർ പിന്നീട് സ്ഥലത്തുനിന്ന് മാറ്റി.