ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഡൽഹി :പതിനൊന്നു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആദിവാസികളുടെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം സംസ്ഥാന സര്‍ക്കാരുകള്‍ ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.കേന്ദ്ര വനാവകാശ നിയമത്തിന്റെ പരിരക്ഷ എന്തുകൊണ്ട് ആദിവാസികള്‍ക്ക് ലഭിച്ചില്ലെന്നു വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സമയോചിതമായി ഇടപെടാത്തതില്‍ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. ഇതുവരെ ഉറങ്ങുകയായിരുന്നുവോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി തുഷാര്‍ മേത്ത സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനം വാദം കേട്ടപ്പോള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വീഴ്ച പറ്റിയതായി മഹാരാഷ്ട്ര സര്‍ക്കാരും ചൂണ്ടിക്കാട്ടി.
ആദിവാസികളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും. കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളുടെ അപേക്ഷയും നിരസിക്കപ്പെട്ടവയില്‍ ഉണ്ട്