സഭാതർക്കം ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി
സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ അതിനെ ഗൗരവത്തോടെ കാണുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഡൽഹി :സഭ തർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. കേരളത്തിലെ വിവിധ കോടതികളിൽ പള്ളി തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ ഉണ്ടെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.
സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ അതിനെ ഗൗരവത്തോടെ കാണുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പള്ളി തർക്ക കേസിൽ റിപ്പോർട്ട് തേടിയത്.നേരത്തെ കണ്ടനാട് പള്ളി തർക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയെയും ചീഫ് സെക്രട്ടറിയെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണമെന്നുമായിരുന്നു എന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ വിമര്‍ശനം.സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈകോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. ജുഡിഷ്യൽ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേയെന്നും. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.
കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് കേരളത്തിൽ സുപ്രീം കോടതിയുടെ ഉത്തരവുകൾ നിരന്തരം ലംഘിക്കപ്പെടുന്നതായും കുറ്റപ്പെടുത്തിയിരുന്നു. ഇതിന്‍റെ പിന്തുടർച്ചയായാണ് പള്ളി തർക്ക കേസുകളിൽ റിപ്പോർട്ട് തേടിയിട്ടുള്ളത്.