മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു സുപ്രീംകോടതി.
ഫീസ്ഘടന സംബന്ധിച്ച പരാതിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എസ്എ ബോബ്ഡെ, മെഡിക്കല്‍ മാനേജുമെന്റുകളോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു സുപ്രീംകോടതി. ഫീസ്ഘടന സംബന്ധിച്ച പരാതിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എസ്എ ബോബ്ഡെ, മെഡിക്കല്‍ മാനേജുമെന്റുകളോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കാതെ ധൃതി പിടിച്ചു ഫീസ് നിര്‍ണയിച്ചെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ ആരോപിച്ചു.
2017-18 അധ്യയന വര്‍ഷത്തില്‍ 11 ലക്ഷം രൂപയാണ് സുപ്രീംകോടതി ഫീസായി നിശ്ചയിച്ചിരുന്നതെന്ന് മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് അതിലും കുറഞ്ഞ ഫീസാണെന്നും കേരളത്തിലെ കല്‍പിത സര്‍വകലാശാലക്ക് യുജിസി നിശ്ചയിച്ചത് 17 ലക്ഷമാണെന്നും മാനേജുമെന്റുകള്‍ അറിയിച്ചു.
നിയമപരമായ നടപടികള്‍ പാലിക്കാതെയാണ് ഫീസ് നിശ്ചയിച്ചത്. ഫീസ് നിര്‍ണയ സമിതി രൂപീകരിച്ചത് ജൂണ്‍ 29നാണ്. ജൂലൈ ആറിന് ധൃതി പിടിച്ചു ഫീസ് പട്ടികയിറക്കുകയായിരുന്നു. ഇത്തരത്തില്‍ തീരുമാനിച്ച ഫീസ് ഘടന അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളാ പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ വാദിച്ചു. എന്നാല്‍, ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നിര്‍ദേശം. ഹൈക്കോടതി തീരുമാനത്തിന് ശേഷം ആവശ്യമെങ്കില്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.