ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.

ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, കൊല്ലം തുളസി, പന്തളം രാജകുടുംബാംഗം രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി.

0

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, കൊല്ലം തുളസി, പന്തളം രാജകുടുംബാംഗം രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി.

ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച സോളിസിറ്റര്‍ ജനറലുടെ മറുപടി സഹിതമാണ് അഭിഭാഷകയായ ഗീന കുമാരി, എവി വര്‍ഷ എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നിവയാണ് ഹര്‍ജിയില്‍ ഒന്നാം കക്ഷിയായ ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ ആരോപണങ്ങള്‍. ഭരണഘടന കത്തിക്കുമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താനും സ്ത്രീകളെ കീറിയെറിയുമെന്ന് ഭീഷണിപ്പെടുത്തിയത്തിനു കൊല്ലം തുളസിക്കും എതിരെ കോടതിയലക്ഷ്യം ആരോപിക്കുന്നു.

അതേസമയം, സ്ത്രീകള്‍ കയറിയാല്‍ നട അടക്കുമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും എതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി കോടതിയലക്ഷ്യമല്ലെന്നും ക്രിയാത്മക വിമര്‍ശനം മാത്രമാണെന്നുമുള്ള സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായവും അപേക്ഷയ്ക്ക് അനുബന്ധമായി നല്‍കിയിട്ടുണ്ട്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്നു കോടതി രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.

കോടതിയലക്ഷ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന് ഹര്‍ജി തുറന്ന കോടതിയില്‍ വാദത്തിന് ലിസ്റ്റ് ചെയ്യാം. കോടതിക്ക് നേരിട്ട് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാം. അല്ലെങ്കില്‍ കോടതിയലക്ഷ്യം ഇല്ലെന്ന വിലയിരുത്തലില്‍ തള്ളിക്കളയാം എന്നിവയാണ് സാധ്യതകള്‍.

അതേസമയം, ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കാന്‍ പൊലീസിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും. പ്രതിഷേധ ശരണംവിളി പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ച 100 പേരെ പൊലീസ് കേസെടുത്തു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

You might also like

-