രാജ്യത്തെ ഏതു പ്രദേശത്തെയും കേന്ദ്രഭരണ പ്രദേശമായി മാറ്റാം സുപ്രിം കോടതി

നിലവിലുള്ള ഏതു സംസ്ഥാനത്തെയും പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിലെ മണ്ഡല പുനഃക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടി ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.

0

ഡൽഹി| ഭരണഘടനയുടെ 3,4 വകുപ്പ് അനുസരിച്ചു കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തെയോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെയോ കേന്ദ്ര ഭരണ പ്രദേശം ആക്കാൻ കഴിയും എന്ന് സുപ്രീംകോടതി.നിലവിലുള്ള ഏതു സംസ്ഥാനത്തെയും പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിലെ മണ്ഡല പുനഃക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടി ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.2019 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിൻവലിക്കാനും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും നടപടിയുണ്ടായത്. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീർ എന്നും വ്യവസ്ഥ ചെയ്തു. തുടർന്നാണ് മണ്ഡല പുനഃക്രമീകരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കമ്മിഷൻ രൂപീകരിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ, പുനഃക്രമീകരണ കമ്മിഷൻ രൂപീകരിച്ചതു ശരിവയ്ക്കുന്നതിനെ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകി. ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൽ ഗനി ഖാനും ഡോ.മുഹമ്മദ് അയൂബ് മട്ടുവുമാണ് കമ്മിഷൻ രൂപീകരണം ചോദ്യം ചെയ്ത് ഹർജി നൽകിയത്. ഭരണഘടനയുടെ 3, 4 വകുപ്പുകൾ വ്യാഖ്യാനിച്ചാണ്, നിലവിലുള്ള സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ നിയമത്തിലൂടെ സാധിക്കുമെന്നു കോടതി വ്യക്തമാക്കിയത്.

You might also like

-