ആശുപത്രി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക്, ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടേഴ്സ് വിട്ടു നിൽക്കും. മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി.
തിരുവനന്തപുരം| സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടേഴ്സ് വിട്ടു നിൽക്കും. മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിക്കും.
പൊതു- സ്വകാര്യ മേഖലകളിലെ ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടേഴ്സും പണിമുടക്കിൻ്റെ ഭാഗമാകും. ഒപ്പം കെജിഎംഒഎ, കെജിഎംസിടിഎ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ്, കോർപ്പറേറ്റ് ആശുപത്രി മെഡിക്കൽ മാനേജ്മെന്റുകൾ തുടങ്ങി സർക്കാർ – പ്രൈവറ്റ് മേഖലയിലെ 40 ഓളം സംഘടനകൾ ഐഎംഎ പ്രഖ്യാപിച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴേ രോഗികളുടെ നീണ്ട നിരയുണ്ട്. അത്യാവശ്യക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് നൽകുന്നുണ്ട്. സമരം അറിയാതെ എത്തിയ രോഗികൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നതും ആശുപത്രികളിൽ കാണാം. എന്നാൽ അത്യാവശ്യമുള്ള രോഗികളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.