ജമ്മു കശ്‌മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി : രാഹുൽ ഗാന്ധി

സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു.

0

ദില്ലി: ജമ്മു കശ്‌മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. തിരികെ ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് മുൻ അദ്ധ്യക്ഷനായ രാഹുൽ ഗാന്ധി.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്‌മീർ സന്ദർശിക്കാൻ എന്നെ ഗവർണർ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. പക്ഷെ വിമാനത്താവളത്തിന് പുറത്തേക്ക് ഞങ്ങളെ കടത്തിവിട്ടില്ല. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

ഭയപ്പെടുത്തുന്നതാണ് ജമ്മു കശ്മീരിലെ സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. “ഞങ്ങളുടെ വിമാനത്തിലുണ്ടായിരുന്ന കശ്മീരിലേക്കുള്ള യാത്രക്കാർ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ കേട്ടാൽ കല്ലുപോലെയുള്ള കണ്ണീരാണ് വരിക,” ആസാദ് പറഞ്ഞു.

കോൺഗ്രസിന്റെ രാജ്യസഭയിലെ ഡപ്യൂട്ടി ലീഡർ ആനന്ദ് ശർമ്മ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെയുടെ രാജ്യസഭയിലെ നേതാവ് തിരുച്ചി ശിവ, എൽജെഡി അദ്ധ്യക്ഷൻ ശരത് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

You might also like

-