ഭർതൃമാതാവിനെ മർദിച്ച പ്ലസ് ടു അധ്യാപികയെ പുറത്താക്കിസ്കൂൾ അധികൃതർ
അമ്മായിയമ്മയെ അധ്യാപിക മർദിക്കുന്ന ദൃശ്യം കണ്ടപ്പോൾ ഇതൊരു പുതിയ അറിവായാണ് തോന്നിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. അത് കണ്ടപ്പോൾ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി
കൊല്ലം| ഭർതൃമാതാവിനെ മർദിച്ച ദൃശ്യങ്ങൾ വൈറലായ പ്ലസ് ടു അധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ. തേവലക്കര സ്വദേശിയായ മഞ്ജുമോൾ തോമസ് എന്ന അധ്യാപികയെയാണ് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പുറത്താക്കിയത്. ഇതുപോലെയൊരു അധ്യാപികയെ ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
അമ്മായിയമ്മയെ അധ്യാപിക മർദിക്കുന്ന ദൃശ്യം കണ്ടപ്പോൾ ഇതൊരു പുതിയ അറിവായാണ് തോന്നിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. അത് കണ്ടപ്പോൾ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച് വിശദമായി ആലോചിച്ച് അധ്യാപികയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകർത്താക്കളെയും അറിയിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.”രണ്ടര വർഷമായി ഇവിടെ പഠിപ്പിക്കുന്ന മഞ്ജു സ്കൂളിൽ കുട്ടികളോട് നന്നായാണ് പെരുമാറിയിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നന്നായി പഠിപ്പിക്കുകയും ചെയ്തിരുന്ന അധ്യാപികയാണ് മഞ്ജുവെന്നും അവർ പറയുന്നു. അധ്യാപികയുടെ ഭർത്താവ് ഇതേ സ്കൂളിൽ പഠിച്ചയാളാണെന്നും, വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ വിഷത്തിൽ ഇടപെടുമായിരുന്നു”- അവർ വ്യക്തമാക്കി.കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകൾ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കൊല്ലം എസ്പിയോട് റിപ്പോർട്ട് തേടി. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം.
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു.