കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവില അവ്യക്തത ? പരിഷ്ക്കരിച്ച ഉത്തരവ് ഉടൻ
അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു . പരിഷ്കരിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
കോഴിക്കോട് | കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല. അതേസമയം അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു . പരിഷ്കരിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ജനവാസകേന്ദ്രനഗലിലെത്തി ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. എന്നാല്‍ ഈ ഉത്തരവിലും ഒട്ടേറെ അവ്യക്തതകൾ ഉണ്ട്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവ്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നതാണ് പ്രശ്നം. പന്നിയെ വെടിവയ്ക്കുന്നവർക്ക് വേതനം നൽകുന്ന കാര്യത്തിലും ഉത്തരവിൽ പരാമര്‍ശമില്ല. മാത്രമല്ല, ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ഉത്തരവിൽ പറന്നുണ്ടെങ്കിലും അതിന്‍റെ ചെലവ് ആര് കണ്ടെത്തുമെന്നതിലും വ്യക്തതയില്ല. ഒരു പന്നിയെ വെടിവയ്ക്കാനും ജഡം ശാസ്ത്രീയമായി സംസ്കരിക്കാനും അയ്യായിരം രൂപയ്ക്ക് അടുത്ത് ചെലവ് വരും. അവ്യക്തമായ ഉത്തരവ് ഇറക്കി വനംവകുപ്പ് തടിയൂരിയെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആക്ഷേപം. എന്നാൽ ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.