ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.തുറന്ന കോടതിയിൽ വാദം ജനുവരി 22-ന്

നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹര്‍ജികളില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ മാത്രമെ റിട്ട് ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം വരൂ.

0

ഡൽഹി :ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ‘തുറന്ന കോടതിയിൽ വാദം കേൾക്കും’ എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്ളത്. ജഡ്ജിമാരുടെ ചേംബറില്‍ വൈകുന്നേരം മൂന്നിന് ഹര്‍ജികള്‍ പരിഗണിക്കും. ചേംബറില്‍ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കക്ഷികള്‍ക്കും പ്രവേശനമില്ല.

തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 50 പുനഃപരിശോധന ഹര്‍ജികളാണ് ബഞ്ച് പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജികള്‍. പതിനാലാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ കോടതി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജിക്കാര്‍ കോടതിക്ക് മുമ്പാകെ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് പരിഗണിച്ചത്. തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കണമെന്ന ആവശ്യം ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് ഭൂരിപക്ഷ വിധിക്കെതിരായ വിധി പ്രസ്താവം എഴുതിയത്.

ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ബഞ്ചിലെ നാല് ജഡ്ജിമാരും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസിക ഘടകങ്ങൾ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

You might also like

-