താരസംഘടനയായ ‘അമ്മ’ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിട്ടുനല്‍കാന്‍ ആവില്ലെന്ന് നിര്‍മ്മാതാക്കള്‍.

സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഒരാഴ്ച ചിത്രീകരണം നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് 'അമ്മ' സെക്രട്ടറിയുടെ വാട്‍സ്ആപ് സന്ദേശം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് എത്തിയിരുന്നു. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി സമാഹരിക്കുന്നത് ലക്ഷ്യമാക്കി താരസംഘടനയായ ‘അമ്മ’ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിട്ടുനല്‍കാന്‍ ആവില്ലെന്ന് നിര്‍മ്മാതാക്കള്‍. ഗള്‍ഫില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഷോയ്ക്ക് വേണ്ടി റിഹേഴ്‍സലിനും മറ്റുമായി ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാനാവില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനാണ് ‘അമ്മ’യ്ക്ക് കത്തയച്ചത്. തങ്ങളോട് സഹകരിക്കാതെ ‘അമ്മ’ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിക്കാനാവില്ലെന്നാണ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്ത് അയച്ച കത്തില്‍ പറയുന്നത്.

സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഒരാഴ്ച ചിത്രീകരണം നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് ‘അമ്മ’ സെക്രട്ടറിയുടെ വാട്‍സ്ആപ് സന്ദേശം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് എത്തിയിരുന്നു. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍റെ കെട്ടിട നിര്‍മ്മാണത്തിനും ഇതര ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി സ്റ്റേജ് ഷോ സംഘടിപ്പിക്കാമെന്ന് വാഗ്‍ദാനം നല്‍കിയിരുന്നെങ്കിലും അമ്മ ഇതുവരെ സഹകരിച്ചിട്ടില്ല. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഷോകളില്‍ മുന്‍നിര താരങ്ങളടക്കം പങ്കെടുക്കുകയും ചെയ്യുന്നു.’

പ്രളയക്കെടുതി സിനിമാമേഖലയെയും ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ‘വിഷു വരെയുള്ള റിലീസുകളുടെ ചിത്രീകരണം കഷ്ടപ്പെട്ട് ക്രമീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ഞങ്ങളോട് വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്ന് പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ല’, പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍റെ കത്തില്‍ പറയുന്നു.

You might also like

-