കോൺഗ്രസ് മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തു യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തിലാണ് വിമര്‍ശനം.
ആലപുഴ| കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം , മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നാണ് വിമര്‍ശനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തിലാണ് വിമര്‍ശനം.
മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു. വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു.
രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം ചെയ്യൂ. പല സമുദായ സംഘടനകളും രാഷ്ട്രീയത്തിൽ ഇടപെടാൻ അമിതാവേശം കാണിക്കുന്നു. ഇതിന് നിമിത്തമാകുന്നത് മറ്റു പല പ്രേരണകളുമാണ്. കമ്യൂണൽ ആക്ടിവിസം മതേതര ജനാധിപത്യത്തിൽ ഭൂഷണമല്ലെന്നും പ്രമേയത്തിലുണ്ട്.
നേരത്തെ, കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍, മേജര്‍ വിളികളില്‍ കടുത്ത എതിര്‍പ്പുമായും യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി നേതാക്കള്‍ സ്വയം അപഹാസ്യരാകരുതെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. യുവതലമുറയെ സംഘടനയിലേക്ക് അടുപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.