കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കും
ജിഷ പിടിയിലായപ്പോൾ ഒളിവിൽ പോയ ആളെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ ജിഷ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്.
ആലപ്പുഴ| കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഇതുവഴി കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അതോടൊപ്പം ചാരുംമൂട്, കായകുളം എന്നിവിടങ്ങളിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ജിഷയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇത് പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
ജിഷ പിടിയിലായപ്പോൾ ഒളിവിൽ പോയ ആളെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ ജിഷ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്. ഇതിനിടെ കോടതിയുടെ നിർദേശ പ്രകാരം ജിഷയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനുളള യുവതിയുടെ ശ്രമമാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയിക്കുന്നു
ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളിൽ മാനേജർക്ക് സംശയം തോന്നിയതാണ് ജിഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പൊലീസ് അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തുകയായിരുന്നു. ജോലിക്കാരന് ഈ പണം നൽകിയത് ജിഷ മോളാണ്. തുടർന്ന് ജിഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് എം ജിഷ മോളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചു, ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും ജിഷയ്ക്കെതിരെ ഉയർന്നിട്ടുണ്ട്.