പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റിനെതിരെ പരാതി ഉന്നയിച്ച യുവതിയെ വെട്ടികൊന്നകേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

ഭർത്താവിൽ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്ലോഗിൽ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കൾക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങൾ തുറന്നു പറഞ്ഞത്.

0

കോട്ടയം | കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ച കോട്ടയം കറുകച്ചാൽ പൊലീസ് റജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം സെക്സ് റാക്കറ്റ് കേസ്. കേസിലെ പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി .സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നെന്ന് അന്നു പൊലീസ് കണ്ടെത്തിയെങ്കിലും പരാതികൾ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി.അന്നു പത്തനാട് താമസിച്ചിരുന്ന യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകൾ ഇങ്ങനെ പ്രവർത്തിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.

ഭർത്താവിൽ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്ലോഗിൽ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കൾക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭർത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങൾ ആരംഭിച്ചതെന്ന് അന്നു പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇന്നലെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (28) ആണ് കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. പ്രതിയെന്നു പൊലീസ് സംശയിക്കുന്ന ഭർത്താവ് ഷിനോ മാത്യുവിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം നടത്തിയെന്ന കേസിൽ പ്രധാന പ്രതിയാണ് ഷിനോ മാത്യു. കറുകച്ചാലിൽ 6 പേർ ഈ കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ പരാതിക്കാരിയായ ജൂബി ഒരു വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ശുചിമുറിയിൽ വച്ചു കൊല നടത്തിയെന്നാണു പൊലീസ് നിഗമനം.

വീടിന്റെ സിറ്റൗട്ടിലാണു മൃതദേഹം കിടന്നിരുന്നത്. പ്രാണരക്ഷാർഥം ജൂബി ഓടി ഇവിടേക്കു വന്നതാകാമെന്നു പൊലീസ് പറയുന്നു. വീടിനു പിന്നിൽ കളിച്ചിരുന്ന ഏഴും നാലും വയസ്സുള്ള കുട്ടികൾ‌ കളി കഴിഞ്ഞ് എത്തുമ്പോഴാണ് അമ്മ രക്തംവാർന്നു കിടക്കുന്നതു കണ്ടത്. ഇവർ കരഞ്ഞപ്പോൾ നാട്ടുകാരെത്തിയാണു‌ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഷിനോ മാത്യു കഴിഞ്ഞ ദിവസങ്ങളിൽ വീടിനു സമീപത്ത് എത്തിയിരുന്നതായി ജൂബിയുടെ സഹോദരൻ മൊഴി നൽകി. പിതാവ് ജേക്കബ്, മാതാവ് മോളി, സഹോദരങ്ങളായ റോബി‍ൻ, ജോബിൻ എന്നിവർക്കൊപ്പമാണ് ജൂബി താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി.

കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഷിനോ മാത്യുവിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു പൊലീസ് പിടികൂടിയത്.ജൂസ് കുടിച്ചതിനെത്തുടർന്ന് വയറുവേദനയും ഛർദിയും ഉണ്ടായി എന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. അതേസമയം, പെരുമ്പനച്ചിക്കു സമീപത്തെ വാടകവീട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത് എന്ന സൂചനയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഭാഗത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആശുപത്രിയിൽ സംശയകരമായ രീതിയിൽ ഒരാൾ എത്തിയതായി സൂചന ലഭിച്ചതോടെ പൊലീസ് ഇവിടേക്ക് എത്തി ഷിനോയെ കസ്റ്റഡിയിലെടുത്തു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

You might also like

-