മഹിളാമോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു
പ്രജീവാണ് തൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസെടുത്തത്.
പാലക്കാട് | മഹിളാമോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി പ്രജീവിനെതിരെയാണ് കേസെടുത്തത്. പ്രജീവാണ് തൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസെടുത്തത്. ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു.പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. കുറിപ്പിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമാക്കുന്നത്. പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവിൽ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തുടർന്നാണ് ബന്ധുക്കൾ റെയിൽവേ ജീവനക്കാരനായ പ്രജീവിനെതിരെ പൊലീസിൽ പരാതി നൽകിയത്. അതേസമയം, പ്രജീവിന് പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
കേസിൽ കഴിഞ്ഞ ദിവസം പ്രജീവിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോൺ രേഖകളും പരിശോധിച്ചു. തുടർന്നാണ് കേസെടുത്തത്.ഞായറാഴ്ച വൈകുന്നേരമാണ് മഹിളാമോർച്ച പാലക്കാട് നിയോജനിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്.