ഡോ.വന്ദന ദാസിന്റെ കൊലപാതകം പോലിസ് മേധാവി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇന്നലെ വിഷയം പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
കൊച്ചി |ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി ഇന്ന് രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഓൺലൈൻ ആയി ഡിജിപി യോട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ , കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്ട്രേറ്റും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇന്നലെ വിഷയം പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് നടന്നതെന്നും, പൊലീസും സർക്കാർ സംവിധാനവും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞിരുന്നു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടണമെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി വിഷയം പരിഗണിക്കും.
അതേസമയം ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്നു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും പോലീസിന്റ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.എഫ്.ഐ.ആറിൽ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരുത്തുമെന്നാണ് വിവരം. അതേസമയം, കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് രാവിലെ പത്തിന് നടക്കും.