ഫിലിപ്പീന്‍സില്‍ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകർന്നു വീണു
വിമാനം തകര്‍ന്ന് പൈലറ്റും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 8 മരണം
മനില : ഫിലിപ്പീന്‍സില്‍ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകര്‍ന്ന് പൈലറ്റും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 8 മരണം.പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. തലസ്ഥാനമായ മനിലയിലെ നിനോയി അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജപ്പാനിലേക്ക് പോകാന്‍ പറന്നുയരവെയാണ് അപകടം. ഫിലിപ്പൈന്‍ പ്രവിശ്യകളില്‍ ആവശ്യമായ വൈദ്യസഹായം എത്തിച്ചു നല്‍കുന്ന വിമാനങ്ങളിലൊന്നായിരുന്നു ഇത്. ഫിലിപ്പൈന്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റ് കമ്ബനിയായ ലയണെയറുടേതാണ് തകര്‍ന്ന വിമാനം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫിലിപ്പൈന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എയര്‍ ആംബുലന്‍സായി ഉപയോഗിച്ചു വന്ന വിമാനമാണിത്. ടേക്ക് ഓഫിനിടെ റണ്‍വെയില്‍ നിന്നും തെന്നിനീങ്ങി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ ഫിലിപ്പീന്‍ വംശജരാണ്. ഇതില്‍ ഒരു ഡോക്ടറും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ അമേരിക്ക, കാനഡ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.