അമേരിക്കയിൽ സിക്കുക്കാരന്റെ താടി നിർബന്ധപൂർവ്വം നീക്കം ചെയ്തതിനെ ചോദ്യം ചെയ്തു ഹർജി
2020 ഓഗസ്റ്റ് 25ന് അഞ്ചുവർഷത്തെ ജയിൽ ശിക്ഷയ്ക്കുവിധിക്കപ്പെട്ട സുർജിത് സിങ്ങിനാണ് തിക്താനുഭവം ഉണ്ടായത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട കറക്‌ഷൻ ഓഫീസർമാരോട് തന്റെ താടി വടിക്കരുതെന്ന് സുർജിത് സിങ് അപേക്ഷിച്ചു
അരിസോണ : തടവിനു ശിക്ഷിക്കപ്പെട്ട സിക്കുക്കാരന്റെ താടി നീക്കം ചെയ്ത അരിസോണ കറക്‌ഷൻ ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു അറ്റോണിമാർ ഹർജി ഫയൽ ചെയ്തു. മേയ് 24ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സിവിൽ റൈറ്റ്സ് വിഭാഗത്തിലാണു അറ്റോർണിമാർ പരാതി സമർപ്പിച്ചത്. സിക്ക് മതവിശ്വാസമനുസരിച്ചു താടി വളർത്തുന്നത് തടയാനാകില്ലെന്നാണ് ഇവരുടെ വാദം.
2020 ഓഗസ്റ്റ് 25ന് അഞ്ചുവർഷത്തെ ജയിൽ ശിക്ഷയ്ക്കുവിധിക്കപ്പെട്ട സുർജിത് സിങ്ങിനാണ് തിക്താനുഭവം ഉണ്ടായത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട കറക്‌ഷൻ ഓഫീസർമാരോട് തന്റെ താടി വടിക്കരുതെന്ന് സുർജിത് സിങ് അപേക്ഷിച്ചു. എന്നാൽ ഓഫീസർമാർ ബലമായി താടിവടിക്കുകയായിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തിയെന്നും അപമാനിതനായെന്നും ഇദ്ദേഹത്തിനു വേണ്ടി വാദിച്ച അറ്റോർണിമാർ പരാതിയിൽ പറയുന്നു.
ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സുർജിത് സിങ്ങിന് ദ്വിഭാഷിയെ അനുവദിച്ചില്ലെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ട്രക്ക് ഡ്രൈവറായിരുന്ന സുർജിത് സിങ് അശ്രദ്ധമായി വാഹനം ഓടിച്ച് ഒരാൾ മരിക്കാനിടയായ സംഭവത്തിലാണു അഞ്ചു വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. സ്റ്റോപ് സൈനിൽ വാഹനം നിർത്തുന്നതിനു ശ്രമിച്ചുവെന്നും, ബ്രേക്ക് തകരാറായതാണ് അപകടത്തിനു കാരണമെന്നു സുർജിത് സിങ് വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.