ജനുവരി 26 ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും

വര്‍ഗീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയേയും മനുഷ്യശൃംഖലയില്‍ അടുപ്പിക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും അറിയിച്ചു

0

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി 26 ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എല്‍.ഡി.എഫിന്റെ സമരത്തിലും കണ്ണിചേരുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ വര്‍ഗീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയേയും മനുഷ്യശൃംഖലയില്‍ അടുപ്പിക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും അറിയിച്ചു. തീവ്രവാദ സ്വാഭവമുള്ള പാര്‍ട്ടികളെ പങ്കെടുപ്പിച്ചാല്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുക.പൂര്‍ണമായും മതനിരപേക്ഷ മനസ്സുള്ളവരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാത്രം ആറ് ലക്ഷം പേരാണ് മനുഷ്യശൃംഖലയില്‍ അണിനിരക്കുന്നത്. ജില്ലയുടെ വടക്കേ അറ്റമായ പൂഴിത്തല മുതല്‍ മലപ്പുറം ജില്ലയോട് ചേര്‍ന്നുള്ള ഐക്കരപ്പടി വരെ 83 കിലോമീറ്ററില്‍ മനുഷ്യ ശൃംഖല തീര്‍ക്കുമെന്ന് പി.മോഹനന്‍ അറിയിച്ചു. വര്‍ഗീയ സ്വഭാവമുള്ള സംഘടനകള്‍ ഒഴികെ എല്ലാവരേയും പങ്കെടുപ്പിച്ച്‌ കൊണ്ടാണ് മനുഷ്യ ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം എന്ന നിലയില്‍ ജനുവരി 30 ന് പി.ഡി.പി.യുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു. സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയുള്ള താക്കീതായിരിക്കും വിമാനത്താവള ഉപരോധം. മൂന്ന് വിമാനത്താവളവും ഉപരോധിക്കുന്നുണ്ട്. അതിന്റെ ആദ്യ പടിയാണ് കരിപ്പൂര്‍ വിമാനത്താവള ഉപരോധമെന്നും ഭാരവാഹികള്‍ അറിയിച്ചു.

You might also like

-