സ്പീക്കര്‍ക്കെതിരെയുള്ള ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാനെന്നു പ്രതിപക്ഷ നേതാവ്
'മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബി.ജെ.പിയും സിപിഎമ്മും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണ്.
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നതെന്നും ചെന്നിത്തല.
‘മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബി.ജെ.പിയും സിപിഎമ്മും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണ്.’ – ചെന്നിത്തല പറഞ്ഞു.
എട്ട് മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എൽഡിഎഫ് സർക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ എം എം മണിയുടെ വിമർശനം ചൂണ്ടിക്കാട്ടി, ഏത് മന്ത്രിയാണ് വിഡ്ഢിത്തരം പറയുന്നതെന്നാണ് ഇനി അറിയാനുള്ളതെന്ന് ചെന്നിത്തല പ്രതികരിച്ചു. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് ഈ സർക്കാർ. ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.