അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി
'ഭക്ഷണം പലപ്പോഴും കിട്ടിയില്ല. പട്ടിണിയായിരുന്നു. ഹോര്‍മോണ്‍ മെഡിസിന്‍ എടുക്കുന്നുണ്ട്. അതിനായി പോകണമെന്ന് പറയുമ്പോള്‍ പലപ്പോഴും അവഗണന മാത്രമായിരുന്നു'
റാന്നി : അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അദിവാസി വിദ്യാർഥി പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ വിദ്യാർഥിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കാസർകോട് മോഡൽ റെസിഡന്‍ഷ്യൽ സ്കൂൾ അധികൃതർ പറഞ്ഞു.’ഭക്ഷണം പലപ്പോഴും കിട്ടിയില്ല. പട്ടിണിയായിരുന്നു. ഹോര്‍മോണ്‍ മെഡിസിന്‍ എടുക്കുന്നുണ്ട്. അതിനായി പോകണമെന്ന് പറയുമ്പോള്‍ പലപ്പോഴും അവഗണന മാത്രമായിരുന്നു’- വിദ്യാര്‍ഥി പറയുന്നു.
വലിയ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് സ്കൂളിൽ പഠനത്തിനായി വിദ്യാർഥി പ്രവേശനം നേടിയത്. ഇതിനിടയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയുമുണ്ട്. ഇതിന് മുമ്പും സമാനമായ സാഹചര്യം ഉണ്ടായി. പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥി പറയുന്നു. അതേസമയം വിദ്യാർഥിയുടേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും പട്ടിക വർഗ ഡയറക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയെന്നും സ്കൂൾ അധികൃതർ അറിയിച്ചു.