സിദ്ധരാമയ്യക്ക് 85 എം എൽ എ മാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു
വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡികെ ശിവകുമാർ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം
ബെംഗളൂരു | കർണാടകത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇനിയും സമയമെടുത്തേക്കും .അതേസമയം കോൺഗ്രസിൽ, 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണെന്ന് കേന്ദ്രം നിയോഗിച്ച നിരീക്ഷണ കമ്മീഷൻ എയെ സി സി ക്ക് റിപ്പോർട്ട് നൽകി . 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്ട്.സാഹചര്യങ്ങള്‍ വിലയിരുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡികെ ശിവകുമാർ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കുമെന്നും കരുതുന്നു.
അതേസമയം രണ്ടുപേർ തമ്മിലുള്ള പ്രശ്നം പരിഹരിച്ചാൽ മാത്രം
പ്രശ്‌നപരിഹാരം ആകില്ലെന്നാണ് വിവരം . സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിൽ മറ്റ് നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചയ്ക്കായി ഡികെ ശിവകുമാറിനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറിൽ അണുബാധയെന്ന് കാരണം പറഞ്ഞ് പിന്മാറുകയായിരുന്നു. സംസ്ഥാനത്ത് തന്‍റേതായി എംഎൽഎമാരില്ലെന്നും എല്ലാം കോൺഗ്രസിന്‍റെ എം എൽ എമാരാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യ അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ഡികെ ശിവകുമാർ തീരുമാനിച്ചത്