പഞ്ചാരക്കൊല്ലിയിൽ രാധയെ കൊന്ന  നരഭോജി കടുവ ചത്തനിലയിൽ കണ്ടെത്തി .

കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി

മാനന്തവാടി|വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയിൽ കണ്ടത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.

അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

You might also like

-