ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി
ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത് .
തിരുവനന്തപുരം | ഡിജിറ്റൽ – സാങ്കേതിക സർവകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേർ അടങ്ങുന്ന പട്ടിക കൈമാറിയത്. ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത് .സാങ്കേതിക സർവകലാശാലയിൽ ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ ഇൻ ചാർജ് പ്രൊഫ (ഡോ) ജയപ്രകാശ് , പ്രൊഫ (ഡോ) എ.പ്രവീൺ, പ്രൊഫ (ഡോ) ആർ. സജീബ് എന്നിവർ ഉൾപ്പെടുന്നതാണ് പട്ടിക. ഡിജിറ്റൽ സർവകലാശാലയിലേക്ക് മുൻപ് കൊടുത്ത അതേ പട്ടികയാണ് ഇത്തവണയും കൊടുത്തത് എന്നാണ് വിവരം.
അതേസമയം, സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവൻ നാളെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും. പുതിയ പാനൽ തയ്യാറാക്കി നൽകിയ പശ്ചാത്തലത്തിൽ ഗവർണർ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.കേരള സർവകലാശാലയിൽ വി സിയും രജിസ്ട്രാറും തമ്മിലുള്ള തർക്കവും രൂക്ഷമാണ്. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹന ഉപയോഗിക്കുന്നതിനെതിരെ വി സി മോഹനൻ കുന്നുമ്മൽ കത്ത് നൽകി. താൻ ഇപ്പോഴും കാർ ഉപയോഗിക്കുന്നുണ്ടെന്നാണ് രജിസ്ട്രാർ മറുപടി നൽകിയത്.എന്നാൽ സർവകലാശാലയുടെ വസ്തുവകകളിൽ വി സിയ്ക്ക് അധികാരമില്ലെന്നും പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്നും സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ പറഞ്ഞു.