ശബരിമല വിഷയത്തെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ചിദാനന്ദപുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്.

എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്നും ചിദാനന്ദപുരി ആഹ്വാനം ചെയ്തിരുന്നു.

0

ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ചിദാനന്ദപുരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞദിവസം ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്നും, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്നും ചിദാനന്ദപുരി ആഹ്വാനം ചെയ്തിരുന്നു.

ശബരിമലയിൽ വിശ്വാസികൾക്കെതിരെ എൽഡിഎഫ് സർക്കാർ അടിച്ചമർത്തൽ നടപടി സ്വീകരിക്കുന്നു എന്ന തെറ്റായ പ്രചാരണം ചിദാനന്ദപുരി നടത്തിയെന്ന് എൽഡിഎഫ് തിരുവനന്തപുരം പാർലമെൻറ് മണ്ഡലം നൽകിയ പരാതിയിൽ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയുമാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ ഇത്തരം പ്രചാരവേലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ശബരിമല കർമ്മസമിതി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത ചിഹ്നങ്ങളും വിശ്വാസപ്രമാണങ്ങളും ദുരുപയോഗം ചെയ്യരുതെന്ന ചട്ടം പരസ്യമായി ലംഘിക്കുകയാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

You might also like

-