നടപടി പുനഃപരിശോധിക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു
ഹൈക്കോടതി അനിശ്ചിതകാല സമരം സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു യൂണിയന്‍ നേതാക്കള്‍
തിരുവനതപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിന് നോട്ടീസ് നല്‍കിയത്.
എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കുമെന്നും സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിലെ അപാകതകൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അതേസമയം, ഹൈക്കോടതി അനിശ്ചിതകാല സമരം സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു യൂണിയന്‍ നേതാക്കള്‍. സമരം തുടങ്ങിയാല്‍ ശക്തമായ നടപടികളിലേക്ക് കോര്‍പറേഷന്‍ കടക്കുമെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. അങ്ങനെയിരിക്കയേയാണ് ഗതാഗതമന്ത്രിയുമായി സംഘടന പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരത്തില്‍ നിന്ന് പിന്മാറുന്നത്.
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ കഴിഞ്ഞ ദിവസം കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. 2,719 ഡ്രൈവര്‍മാരെയും 1,503 കണ്ടക്ടര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയപ്പോള്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാല്‍ വീടിനടുത്തേക്ക് സ്ഥലം മാറ്റിയതാണെന്നാണ് വിശദീകരണം. എന്നാല്‍ സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്