ജമാല്‍ ഖശോഗിയുടെ കൊലപാതകം തിരക്കഥ രചിച്ച് നടപ്പാക്കിയതായി അന്വേക്ഷണസംഘം
റിയാദ് :പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ജമാല്‍ ഖശോഗിയുടെ കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് സൗദി-തുര്‍ക്കി അന്വേഷണ സംഘം കണ്ടെത്തി. സൗദി പ്രോസിക്യൂഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ കസ്റ്റഡിയിലുള്ളത് സൗദിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരാണ്. ഖശോഗിയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയെന്നാണ് സൗദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യം അന്വേഷണ സംഘം അറിയിച്ചതായി സൗദി പ്രോസിക്യൂഷനും അറിയിച്ചു. ഖശോഗിയുടെ വസ്ത്രങ്ങളും കണ്ണടയും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു
. ഇതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ പ്രത്യേക ഉന്നത തല കമ്മിറ്റി റിയാദില്‍ യോഗം ചേര്‍ന്നു. രഹസ്യാന്വേഷണ വിഭാഗം പുനസ്സംഘടിപ്പിക്കാനുള്ള ആദ്യ യോഗമായിരുന്നു ഇത്. ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ സ്ഥാനത്ത് നിന്നും രാജ കല്‍പന പ്രകാരം നീക്കിയിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹ്ത്താനി, രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ജനറല്‍ അഹ്മദ് അസീരി, രഹസ്യാന്വേഷണ വിഭാഗത്തിലെ സഹ മേധാവികള്‍ എന്നിവരെയാണ് നീക്കം ചെയ്തിരുന്നത്.