ലൗ ജിഹാദ് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണി നിലപാട് മാറ്റിയത്.
കോട്ടയം: ‘ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം.ജോസ് കെ മാണി പറഞ്ഞു ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണി നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയും സി. പി. ഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിര്‍പ്പ് അറിയിച്ചതോടെയാണ് നിലപാട് മാറ്റി രംഗത്തെത്താൻ ജോസ് കെ മാണിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോസ്. കെ. മാണിയുടെ പ്രസ്താവന വിവാദമായതോടെ എല്‍. ഡി. എഫും പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദെന്നത് മതമൗലിക വാദികളുടെ പ്രചാരണമാണെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നുമായിരുന്നു കാനം പറഞ്ഞു .