പൂപ്പാറയിൽ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ജീപ്പ് മറഞ്ഞു മരണം മൂന്നായി

ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കണ്ണന്‍, ധനലക്ഷ്മി , മുണ്ടല്‍ സ്വദേശി അന്നക്കിളി എന്നിവരാണ് മരിച്ച

0

മൂന്നാർ:പൂപ്പാറയില്‍നിന്നും തൊഴിലാളികളുമായി തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി.ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കണ്ണന്‍, ധനലക്ഷ്മി , മുണ്ടല്‍ സ്വദേശി അന്നക്കിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ ബോഡിനായ്ക്കന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു.ഡ്രൈവര്‍ മുരുകേശ്വരന്‍ ഉള്‍പ്പെടെ 23 പേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് പോകുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് ബോഡിമെട്ട് ചുരം ഇറങ്ങുമ്പോള്‍ തലകീഴായി മറിയുകയായിരുന്നു.20പര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ നാല് സ്ത്രീകളെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവര്‍ ബോഡിനായ്ക്കന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ബി.എല്‍.റാമിലെ ഏലത്തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് ബോഡിമെട്ട് ചുരം ഇറങ്ങുന്നതിനിടെ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപമുള്ള എസ്.വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് 200 മീറ്റര്‍ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കണ്ണനും ധനലക്ഷ്മിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തില്‍നിന്നും തെറിച്ച് വീണവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വാഹനം പൂര്‍ണമായും തകര്‍ന്നു. ഇതുവഴിയെത്തിയ യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും പോലീസിനെ വിവരമറിയിച്ചതും. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചെങ്കുത്തായ ഇറക്കങ്ങളും, നിരവധി വളവുകളും ഉള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് അധികൃതര്‍ പറയുന്നു. തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തില്‍ ജീപ്പ് ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും നിരവധിയായി ഇവിടെ ഉണ്ടാവാറുണ്ടെന്നാണ് വിവരം