ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിടും
സത്യപ്രതിജ്ഞ മെയ് 20ന് നടക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്.
തിരുവനന്തപുരം: ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യം മാത്യൂ ടി തോമസിനെന്ന് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തിലാണ് ചര്‍ച്ച. കഴിഞ്ഞ തവണയും സമാനമായിരുന്നു. ആദ്യം മാത്യു ടി തോമസും പിന്നീട് കെ കൃഷ്ണൻകുട്ടിയുമായിരുന്ന ജലവിഭവ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.
സത്യപ്രതിജ്ഞ മെയ് 20ന് നടക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നതും പരിഗണയിലുണ്ട്. പുതിയതായി വന്ന ഘടകകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്‍കുന്നു. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു