ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൂടുതൽ പ്രതികൾ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പടെ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആലപ്പുഴ | ആലപ്പുഴയിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന. പ്രതികളുടേത് ഉൾപ്പടെയുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പടെ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേസിൽ കൊലപാതകത്തിൽ നേരിട്ടും, ആസൂത്രണത്തിൽ പങ്കുള്ള വരുമായി ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായിട്ടുള്ളത്. എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞദിവസം ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അനൂപ്, അഫ്റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.ഡിസംബർ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
അതേസമയം, രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തെ ബിജെപി ദേശിയ വക്താവും ചലച്ചിത്ര താരവുമായ കുശ്ബു സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്ന് കുശ്ബു ആവശ്യപ്പെട്ടു.