പോക്സോ കേസുകളുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയ്ക്ക്

ആറുമാസത്തിനകം ഇത്തരം കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ആവശ്യപ്പെടും.

0

ഡൽഹി :ബലാല്‍സംഗ, പോക്സോ കേസുകളുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ആറുമാസത്തിനകം ഇത്തരം കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ആവശ്യപ്പെടും. നിലവിലുള്ള എഴുന്നൂറ്റി നാലിനു പുറമെ ആയിരത്തി ഇരുപത്തിമൂന്ന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പട്നയില്‍ പറഞ്ഞു

അതേസമയം ഉന്നാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ വന്‍ വീഴ്ച. പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായിട്ടും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ജാമ്യത്തിലിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നത്.
കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് കേസിലെ മുഖ്യ‌പ്രതിയായ ശിവം ത്രിവേദിക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നത് മാത്രമാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ വാദിച്ചത്. കേസിനാധാരമായ പീഡനം നടന്നത് രണ്ടുവര്‍ഷം മുമ്പാണെന്നും അതിനുശേഷം പീഡനം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചില്ല. പരാതിക്കാരിയോയെ സാക്ഷികളെയോ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അക്കാരണം മാത്രം മതി ജാമ്യം നിഷേധിക്കാന്‍. ഏത് കേസിലും ജാമ്യത്തെ എതിര്‍ക്കാന്‍ കാരണമായി പ്രോസിക്യൂഷന്‍ ഈ വാദം ഉന്നയിക്കുന്നത് സാധാരണവുമാണ്.

You might also like

-