ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
തിരുവനന്തപുരം | കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇതുവരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും സർവേ പൂർത്തിയായി.
അസമിലെ ധുബ്രി ജില്ലയിലും പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ, കേരളത്തിൽ കോഴിക്കോട് എന്നിവിടങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വവ്വാലുകൾക്കിടയിൽ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെ തുടർന്നാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ICMR-NIV ഡയറക്ടർ ഇൻ ചാർജ് ഡോ. ഷീല ഗോഡ്ബോലെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർ ചെയ്യുന്നു.
ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്തത് 2001 ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്. 66 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 45 മരണങ്ങൾ സംഭവിച്ചു. 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം