വിജയിയുടെ ചോദ്യം ചെയ്യൽ തുടരുന്നു,24 കോടി രൂപയും രേഖകളും പിടിച്ചെടുത്തു ? കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്ന് ആരോപണം
ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയുമുണ്ടെന്നാരോപിച്ചാണ് ഉച്ചയ്ക്ക് മൂന്നര മണിയോടെ വിജയെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ :ഇന്നലെ ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന .നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം കടലൂര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്തെ സൈറ്റില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു ദീപാവലിക്കു റിലീസ് ചെയ്ത ബിഗില്‍ സിനിമയുെട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിജയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി.
മര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ ,കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയുമുണ്ടെന്നാരോപിച്ചാണ് ഉച്ചയ്ക്ക് മൂന്നര മണിയോടെ വിജയെ കസ്റ്റഡിയിലെടുത്തത്. ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി.സിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി. കണക്കില്‍പെടാത്ത 24 കോടി രൂപയും രേഖകളും തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ എ.ജി.എസിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
കാര്‍ മാര്‍ഗം തുടര്‍ച്ചയായ നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ രാത്രി വിജയിയെ ചെന്നൈ ഇ.എസി.ആറിലെ വീട്ടിലെത്തിച്ചു. എ.ജി.എസിന്റെ ഓഫീസുകളിലെ പരിശോധന ഇന്നും തുടരുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അതേസമയം രണ്ടുവര്‍ഷം മുമ്പും ആദായ നികുതി വകുപ്പ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ പുലി സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചായിരുന്നു നടപടി.എന്നാല്‍ പിന്നീട് വിജയിക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീട്ട് നല്‍കി. ഇത്തവണയും സമാനകാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ആരാധകര്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവെയ്ക്കുന്ന വികാരം.
ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും പിടിച്ചെടുത്തെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം